Saturday, July 12, 2008

അന്ന വിചാരം

ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചതോടെ ഭക്ഷണം ഒരു വലിയ പ്രശ്നമായി.കൂടുതല്‍ ഭക്ഷണ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കേണ്ടിവന്നു.കൃഷിയിടങ്ങളില്‍ മനുഷ്യര്‍ പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തി കൂടുതല്‍ ഉല്‍പ്പാദനം നടത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു.പണ്ട് പ്രകൃതി കൃഷി (ചെടികള്‍ നടുകയും ആവശ്യമായ വളം മണ്ണില്‍ നിന്നും വലിച്ചെടുത്തുപ്രകൃതിദത്തമായ വളം മാത്രം ഉപയോഗിച്ച് വളരുകയും ചെയ്യുന്ന രീതി)യായിരുന്നെങ്കില്‍,പിന്നീടത് ജൈവകൃഷി(മൃഗങ്ങളുടെ മലം,മൂത്രം,പച്ചിലകള്‍,
മരച്ചില്ലകള്‍,ചാരം,പച്ചിലകളും മരച്ചില്ലകളും വെള്ളത്തിലിട്ട് ചീയിച്ച് ദ്രവരൂപത്തിലാക്കിയത്,എല്ലു പൊടി, തുടങ്ങി പലതരത്തിലുള്ള ജൈവ വസ്തുക്കളും കൃഷിയിടങ്ങളില്‍ വളമായി ചേര്‍ത്തുകൊടുക്കുന്ന രീതി)യിലേക്കുവഴിമാറി.
കൃഷിയിടങ്ങളില്‍ വിത്തുകളും വളങ്ങളും മാറി മറി പരീക്ഷിക്കുകയും അവയില്‍ കൂടുതല്‍ കാര്‍ഷിക വിഭവങ്ങള്‍ ലഭിക്കുന്ന രീതി തുടരുകയും അല്ലാത്തവ ഉപേക്ഷിക്കുകയും ചെയ്തു.കാലക്രമേണ ഇത്തരം പരീക്ഷണങ്ങള്‍ പരീക്ഷണശാലകളിലേക്ക് മാറുകയും അവിടെനിന്നും കാര്‍ഷിക വിദഗ്ദര്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ക്ക് കുറെയൊക്കെ സ്വീകാര്യത ലഭിക്കുകയും ചെയ്തു.കൃഷി ചെയ്യുന്ന ചെടികള്‍ക്കാവശ്യമായ വളങ്ങള്‍ ഏതൊക്കെയാണെന്നുകണ്ടെത്തുകയും,ശേഷം ആ കൃഷിയിടത്തില്‍ കുറവുള്ള വളം ഏതെന്നു പരിശോധിച്ചു മനസ്സിലാക്കി അതുനേരിട്ട് രാസപദാര്‍ത്ഥമായി ചെടികള്‍ക്ക് നല്‍കുന്ന രീതി വന്നു.ഇങ്ങിനെയാണു രാസവളങ്ങള്‍ ഉണ്ടായത്.രാസവള നിര്‍മാണം കാലക്രമേണ വന്‍ വ്യവസായമായി വളര്‍ന്നു.സാംബത്തിക ലാഭം മാത്രം മുന്നില്‍ കണ്ട് പല കുത്തക കംബനികളും ഈ രംഗത്തേക്കു കടന്നു വന്നു.
അപ്പോഴാണുഗൌരവതരമായ ചില പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തത്.കൂടുതല്‍ കൂടുതല്‍ ഉല്‍പ്പാദനം മുന്നില്‍ കണ്ട്(കടുംകൃഷി)പലരും അമിതമായി രാസവള പ്രയോഗം നടത്തുകയും,അങ്ങിനെ മണ്ണിന്‍റെ സ്വാഭാവികതക്ക് മാറ്റം വരികയും മണ്ണ് മണ്ണല്ലാതാവുകയും
മണ്ണിനു ഷണ്ഡത്വം ബാധിക്കുകയും ചെയ്തു.
ഇവിടെയാണു ജൈവകൃഷിയുടെ മഹത്വം തിരിച്ചറിയേണ്ടത്.കൃഷി ചെയ്യുന്ന ചെടികള്‍ക്കാവശ്യമായ വളങ്ങള്‍ ജൈവരുപത്തില്‍ തന്നെ നല്‍കുകയും മണ്ണിന്‍റെ സ്വാഭാവികതക്ക് വലിയ കോട്ടം തട്ടാത്ത രീതിയില്‍ ജനസംഖ്യാ വര്‍ദ്ധനവിനനുസൃതമായി ആവശ്യമായി വരുന്ന
കാര്‍ഷിക വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യാന്‍ കഴിയുമെന്നതാണ്.
പക്ഷെ രാസകൃഷിയുടെ(കടുംകൃഷി)പക്ഷത്തു നില്‍ക്കുന്നവര്‍ പ്രചരിപ്പിക്കുന്നത് എന്തെന്നാല്‍,
അതിഭീഷണമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ജനപ്പെരുപ്പത്തിനനുസരിച്ച് കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ നമ്മുടെ ഭക്ഷണാവശ്യങ്ങള്‍ എങ്ങിനെ പരിഹരിക്കും എന്നതാണ്.കടും കൃഷിയല്ലാതെ മറ്റുമാര്‍ഗമില്ലെന്നുമാണ്.
ഇവിടെ ഗൌരവതരമായ ‍ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
(1)ജനപ്പെരുപ്പം കൂടുന്നതിനനുസരിച്ച് മണ്ണിന്‍റെ സ്വാഭവികത നഷ്ടപ്പെടുത്തുന്ന തരത്തില്‍ രാസവളവും കീടനാശിനിയും ജനിതകമാറ്റം വരുത്തിയ വിത്തുകളും ഉപയോഗിച്ച് , മണ്ണിനെ മണ്ണല്ലാതാക്കി, കൃഷിയിടങ്ങളില്‍ ജീവിക്കുന്ന ചെറുജീവികളുടെ വംശനാശത്തിനുവരെ കാരണമാവുന്ന തരത്തില്‍ മനുഷ്യന്‍റെ ഭക്ഷണാവശ്യത്തിനുമാത്രമായി കടും കൃഷി ചെയ്ത് കാര്‍ഷിക വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടോ?
(2)മണ്ണിന്‍റെ ജൈവിക ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരാത്ത തരത്തില്‍ ജൈവ വളങ്ങള്‍ ചേര്‍ത്തും, രൂക്ഷ ഗന്ധമുള്ള ഇലകളും കായ്കളും അരച്ചു വെള്ളം ചേര്‍ത്ത് കീടനാശിനി യായുപയോഗിച്ചും, പോഷകാംശങ്ങള്‍ കൂടിയ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണാവശ്യത്തിന് അത്ത്യാവശ്യം വേണ്ടത്ര മാത്രം(അത്ത്യാവശ്യം,ആവശ്യം,അനാവശ്യം തിരിച്ചറിഞ്ഞുകൊണ്ട്, വരും തലമുറകള്‍ക്കും ജീവിക്കണം എന്ന തിരിച്ചറിവോടെ)കൃഷി ചെയ്താല്‍ മതിയാവില്ലെ?
(3)ഒരു വളവും ചെയ്യാതെ മണ്ണിലെ സ്വാഭവിക വളം മാത്രം ആശ്രയിച്ചുകൊണ്ട് പ്രകൃതി കൃഷിയിലേക്കുള്ള തിരിച്ചുപോക്കിനെകുറിച്ച് ചിന്തിച്ചുകൂടെ?

8 comments:

siva // ശിവ said...

ഇതൊക്കെ വളരെ വലിയ കാര്യങ്ങളാണല്ലോ...ഇവിടെ ഒരു അഭിപ്രായം പറയത്തക്ക അറിവൊന്നും എനിക്ക് ഇല്ല...എന്നോട് ക്ഷമിക്കൂ....

kariannur said...

അന്നന്ന നിന്ദ്യാത്. തദ് വ്രതം.

സ്വാഭാവ്വികകൃഷിയ്ക്ക് ഏറ്റവും പറ്റിയ സ്ഥലം കേരളം തന്നെ ആകും. ഫുക്കുവോക്കയുടെ ഒറ്റവയ്ക്കോല്‍ വിപ്ലവം വായിച്ചതോര്‍ക്കുന്നു. ഭൂമി ഉഴുതു മറയ്ക്കാതെ, രാസവളങ്ങള്‍ ഉപയോഗിയ്ക്കാതെ, ഫലം മാത്രം എടുത്ത് വയ്ക്കൊല്‍ മുതലായത് കൃഷിയിടത്തില്‍ തന്നെ ഇട്ടുള്ള കൃഷിരീതി.

ഇപ്പോഴത്തെ സമ്പ്രദായം വച്ചു നോക്കിയാല്‍ കേരളം തന്നെ ആണ് ഇതിനു ഏറ്റവും പറ്റിയ പ്രദേശം. ഇതിനുള്ള കാരണങ്ങള്‍

1, കൃഷിപ്പണി നടത്തുന്നത് ലാഭകരമല്ല എന്ന വാദം.
2, വിദ്യാഭാസം കാരണം ദേഹത്തില്‍ ചളിപറ്റരുത് എന്ന തത്വശാസ്ത്രത്തിന്‍റെ ദൃഢത.
3, ആന്ധ്ര, തമിഴ്നാട്, മുതലായ പ്രദേശങ്ങളില്‍ കൃഷി നടത്തുന്നതിനാല്‍ നമ്മുടെ ഭൂമി പരീക്ഷണപ്രദേശമാക്കാനുള്ള ഹൃദയവിശാലത വിരോധമില്ലാത്ത ജനം.
4, കൃഷികൊണ്ട് ഒന്നും വരവുണ്ടാവില്ല എന്ന പൂര്‍ണ്ണ വിശ്വാസം. അഥവാ വിള‍വുണ്ടായാല്‍ അതു കൊയ്യാനും മറ്റും തമിഴന്മാരെ കിട്ടും എന്ന പൂര്‍ണ്ണവിശ്വാസം.(നോക്കുകൂലി കൊടുത്തിട്ടാണെങ്കിലും)

ഇതു കൊണ്ടെല്ലാം സ്വാഭാവിക കൃഷിരീതി പരീക്ഷിയ്ക്കണം എന്നാണെന്‍റെ അഭിപ്രായം

എം.കെ.നംബിയാര്‍(mk nambiear) said...

സുഹ്രുത്തേ,
ജൈവവളങ്ങള്‍ ആണ് ക്രിഷിക്കു നല്ലത്.പുഴയും കുളങ്ങളും നശിപ്പിക്കുന്നകാലഘട്ടമാണ് ഇത്.കുടിവെള്ളം തീരെ ഇല്ലാതാവാന്‍ പോകുന്ന കാലഘട്ടം വിദൂരമല്ല.വീട്ടാവശ്യത്തിന്നുവേണപച്ചക്കറികള്‍ നമ്മള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങണം എന്നതീരുമാനത്തിലാണ് ഞാന്‍.
ആശംസകളോടെ.
എംകെനംബിയാര്‍

Basheer Vallikkunnu said...

നന്നായി.. ഇങ്ങനെയും ചില ബ്ലോഗുകള്‍ വേണം. ഒരു മറുപക്ഷ വായനക്ക്.. ബഷീര്‍ വള്ളിക്കുന്ന്
www.vallikkunnu.blogspot.com

അരുണ്‍ കരിമുട്ടം said...

ക്യഷിക്ക് ഏതാ നല്ലതെന്ന് അറിയില്ല.പക്ഷേ ജൈവ വളത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഫലങ്ങളാണ്‍ നല്ലത് എന്നു കേട്ടിട്ടുണ്ട്.അതും ശരിയാണോ എന്നറിയില്ല.

ബഷീർ said...

വളരെ പ്രസ്ക്തമായ ചോദ്യങ്ങള്‍

നമ്മെ താങ്ങി നിര്‍ത്തുന്ന ഈ ഭൂമിയ്ക്ക്‌ താങ്ങാനാവുന്നതിലധികം നാം ചെയ്ത്‌ കഴിഞ്ഞു.

ജൈവ വളങ്ങള്‍ തന്നെയാണു ക്ര്യഷിയ്ക്ക്‌ ഉത്തമമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ശിവ പറഞ്ഞത്‌ പോലെ കൂടുതല്‍ ഈ വിഷയത്തെ പറ്റി അറിവുള്ളവര്‍ പ്രതികരിക്കട്ടെ...

നമ്മുടെ ഭാവി തലമുറക്കെങ്കിലും ആവശ്യത്തിനു ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കാനെങ്കിലുമുള്‍ല ഒരു അവസ്ഥ ഉണ്ടാക്കേണ്ടിയിരിക്കുന്നു..

ഈ ചിന്തകള്‍ക്ക്‌ അഭിവാദ്യങ്ങള്‍

PIN said...

പ്രകൃതി വിരുദ്ധമായതിനൊന്നും നിലനിൽപില്ല. താൽകാലിക ഫലം ലഭിക്കുമെങ്കിലും അന്തിമമായി അത്‌ നാശത്തിലെ എത്തിക്കത്തുള്ളൂ. പണ്ട്‌ മണ്ണ് മരുന്നായിരുന്നു. മുറിവ്‌ ഉണക്കുന്നതിനും തേച്ച്‌ കുളിക്കുന്നതിനും അതുപയോഗിച്ചിരുന്നു. ഇന്ന് അത്‌ വിഷമായി മാറിയിരിക്കുന്നു.... അല്ല മാറ്റിയിരിക്കുന്നു...ജൈവകൃഷിയിലൂടെ ഉൽപാദിപ്പിക്കുന്നവ കൂടുതൽ ജീവസ്‌ നൽകുന്നവ ആയിരിക്കും. അമിത രാസവള പ്രയോഗത്താൽ ഉൽപാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ ജീനുകളൂടെ ഘടനെയെപോലും നശിപ്പിക്കും....

എല്ലാവിധ ആശംസകളും...

saneepadma said...

super ayittundu ee ]ost
nandi..nandi........